ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഞ്ചായത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങള്‍ പൊതുവെ ഉയര്‍ന്ന പ്രദേശമാണ്. പെരിയാറിന്റേയും, മൂവാറ്റുപുഴയാറിന്റെയും ഇടയിലാണ് പഞ്ചായത്തിന്‍റെ സ്ഥാനം. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെ ഹൈലവല്‍ക്കനാലും മെയിന്‍കനാലും പഞ്ചായത്തിലൂടെ കടന്നുപോകുന്നതിനാല്‍ നെല്‍പ്പാടങ്ങള്‍ ഭൂരിഭാഗവും മൂന്ന്പൂ കൃഷിക്ക് അനുയോജ്യമായിരുന്നു. നെല്‍ കൃഷിയായിരുന്നു പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യതൊഴില്‍. നെല്ല്, തെങ്ങ്, റബ്ബര്‍ എന്നിവയാണ് മറ്റു പ്രധാന കൃഷികള്‍. പണ്ട് കാലത്ത് പുല്‍തൈലം, ഇഞ്ചി എന്നിവയുടെ പ്രധാന വിപണനകേന്ദ്രമായിരുന്നു പഞ്ചായത്തിന്‍റെ വടക്കനതിര്‍ത്തിയിലുള്ള കുറുപ്പംപടി ടൌണ്‍. എം.സി.റോഡും, ആലുവ-മൂന്നാര്‍ റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. ദേശീയ പ്രസ്ഥാനത്തിന്റേയും, കര്‍ഷക പ്രസ്ഥാനത്തിന്റേയും, പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ തന്നെ പഞ്ചായത്തുപ്രദേശത്തും നടന്നിരുന്നു. ജാതി ചിന്തയ്ക്കും, അനാചാരങ്ങള്‍ക്കും, അയിത്താചരണത്തിനും എതിരായുള്ള നവോത്ഥാന പ്രസ്ഥാനവും ഈ പഞ്ചായത്തില്‍ ശക്തിയാര്‍ജ്ജിച്ചിരുന്നു. ഈ രംഗത്ത് പി.കെ.പി.നമ്പൂതിരിയുടെ നേതൃത്വത്തില്‍ സവര്‍ണ്ണരും, അവര്‍ണ്ണരും ഒരുമിച്ച് നടത്തിയ മിശ്രഭോജനം എടുത്തു പറയേണ്ടതാണ്. പഞ്ചായത്തിനുള്ളിലെ ആദ്യ വിദ്യാലയം 1890-ല്‍ കീഴില്ലത്താരംഭിച്ച എല്‍.പി സ്ക്കൂളിലാണ്. 30 കളിലും 40 കളിലും കേരളമെങ്ങും ശക്തിയാര്‍ജ്ജിച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും, കര്‍ഷക പ്രസ്ഥാനത്തിനും, പഞ്ചായത്തില്‍ ആഴത്തില്‍ വേരോട്ടമുണ്ടായിരുന്നു. അതോടൊപ്പം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളും. ഭൂപരിഷ്ക്കരണം നടപ്പിലാക്കുന്നതിന് മുമ്പ് കുറെ ജന്മിമാരുടെ കൈവശമായിരുന്നു ഭൂമിയെല്ലാം. ഭൂപരിഷ്ക്കരണം നടപ്പിലായതോടെ, ഏകദേശം മൂവ്വായിരത്തോളം കുടുുംബക്കാര്‍ ഭൂവുടമകളായി മാറി. നെല്ല് പോലെയുള്ള ഹ്രസ്വകാല വിളകള്‍ക്ക് പകരം തെങ്ങ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല വിളകള്‍ പ്രാബല്യത്തില്‍ ആയതും ഭൂപരിഷ്ക്കരണത്തെ തുടര്‍ന്നായിരുന്നു. കാര്‍ഷിക സമ്പദ്ഘടന, നാണ്യവിളകളുടെ കൃഷി വര്‍ദ്ധിച്ചതിലൂടെ, കരുത്താര്‍ജ്ജിച്ചു. സ്വയം സമ്പൂര്‍ണ്ണവും പ്രബുദ്ധവുമായ ഒരു സാംസ്ക്കാരിക ഭൂതകാലം പഞ്ചായത്തിന് ഉണ്ടായിരുന്നു. ഐതീഹ്യങ്ങളിലൂടെയും ചിന്തകളിലൂടെയും നീളുന്ന ഈ ഭൂതകാല ചരിത്രത്തിന് ആയിരം കൊല്ലത്തിനപ്പുറം പഴക്കമില്ല. എങ്കിലും കല്ലില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രബുദ്ധസംസ്ക്കാരത്തിന്‍റെ പ്രഭാവലയത്തില്‍ പഞ്ചായത്തു പ്രദേശവും ഉള്‍പ്പെട്ടിരുന്നു. പ്രാചീന നാഗരികതയുടെ ലക്ഷണങ്ങളായ ചില ജാറകള്‍, ഭീമന്‍ കുടങ്ങള്‍ എന്നിവ പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ കാണപ്പെട്ടിരുന്നു. കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങളും അധ്വാനവുമായി നാഭീനാള ബന്ധമുണ്ടായിരുന്ന നാടന്‍പ്പാട്ടുകള്‍, ചിന്ത്, കോല്‍ക്കളി തുടങ്ങിയവയും ഇവയുടെ ശേഷിപ്പുകാരം കുറെയങ്കിലും പഞ്ചായത്തിലിന്നും നിലനില്‍ക്കുന്നു എന്നത് അഭിമാനകരമാണ്. 1000 വര്‍ഷത്തിലധികം പഴക്കം പറയപ്പെടുന്ന കുറേ കാവുകളും, ക്ഷേത്രങ്ങളും പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയമായ കുറുപ്പുംപടി മര്‍ത്തമറിയം പള്ളിക്ക് 350 വര്‍ഷം മുതല്‍ 750 വര്‍ഷം വരെ പഴക്കം അനുമാനിക്കപ്പെടുന്നു. മതപരമായ വിശ്വാസങ്ങള്‍ക്കപ്പുറത്ത് ക്രിസ്ത്യന്‍, ഹിന്ദു സമൂഹങ്ങള്‍ തമ്മില്‍ സജീവമായ സഹവര്‍ത്തിത്ത്വം നിലനിന്നിരുന്നു. കൂട്ടുമഠം ക്ഷേത്രവും കല്ലറയ്ക്കല്‍ കുടുംബവുമായുള്ള സഹവര്‍ത്തിത്ത്വം ഇതിന്‍റെ തുടര്‍ച്ചയാണ്. 1890-ല്‍ ഒരു പ്രാഥമിക വിദ്യാലയം കീഴില്ലത്താരംഭിച്ചു. ക്രൈസ്തവ മിഷ്യനറി പ്രവര്‍ത്തനത്തോടൊപ്പം 1922-ല്‍ കീഴില്ലത്ത് ഇംഗ്ളീഷ് സ്ക്കൂളും സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യസമര കാലഘട്ടം പഞ്ചായത്തിലെ സാമൂഹ്യ സാംസ്ക്കാരിക ജിവിതത്തെ സജീവമാക്കി. പുല്ലുവഴി പബ്ളിക്ക് ലൈബ്രറി, വളയന്‍ചിറങ്ങര വി.എന്‍.കെ മെമ്മോറിയല്‍ ലൈബ്രറി എന്നിവ കേന്ദ്രീകരിച്ച് സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. നിശാപാഠശാലകള്‍, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക കലാസംഘടനാപ്രവര്‍ത്തനങ്ങള്‍ എന്നിവ സംയുക്തമായാണ് നടന്നിരുന്നത്.